ഇന്ദോര്‍: രഞ്ജി ട്രോഫി സീസണിലെ ആദ്യം ജയം മോഹിച്ചിറങ്ങിയ കേരളത്തിന് സമനില. ത്രില്ലർ പോരിൽ മധ്യപ്രദേശിനെതിരെ രണ്ടു വിക്കറ്റ് അകലെയാണ് കേരളം ജയം കൈവിട്ടത്. ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് മൂന്നു പോയന്‍റ് ലഭിച്ചു.
അവസാനദിനം കേരളമുയർത്തിയ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യപ്രദേശ് സമനില പൊരുതിനേടുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഒരുഘട്ടത്തിൽ കേരളം ജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒമ്പതാം വിക്കറ്റിൽ ആര്യൻ പാണ്ഡെയും (85 പന്തിൽ 23) കുമാർ കാർത്തികേയയും (54 പന്തിൽ 16) നടത്തിയ ചെറുത്തുനിൽപ്പാണ് സന്ദർശകർക്ക് തിരിച്ചടിയായത്. കേരളത്തിനായി ശ്രീഹരി എസ്. നായർ നാലും ഏദൻ ആപ്പിൾ ടോം രണ്ടു വിക്കറ്റും നേടി.
സ്കോർ: കേരളം 281, അഞ്ചിന് 314 ഡിക്ലയർ. മധ്യപ്രദേശ് 192, എട്ടിന് 167. സമനിലയോടെ കേരളത്തിന്‍റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു. 59 പന്തിൽ 31 റൺസെടുത്ത സരാൻഷ് ജെയിനാണ് മധ്യപ്രദേശിന്‍റെ ടോപ് സ്കോറർ. കേരളം രണ്ടാം ഇന്നിങ്സ് അഞ്ചിന് 314 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. അവസാന ദിനത്തിലെ രണ്ട് സെഷനില്‍ മധ്യപ്രദേശിന് വെച്ചുനീട്ടിയത് അസാധ്യമായ വിജയലക്ഷ്യം. പത്ത് വിക്കറ്റ് വീഴ്ത്തിയാല്‍ കേരളത്തിന് ജയിക്കാം. ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ തുടക്കത്തില്‍ തന്നെ കേരളം ഞെട്ടിച്ചു. ശ്രീഹരി എറിഞ്ഞ ആദ്യ നാലാം പന്തിൽ തന്നെ റണ്ണൊന്നും എടുക്കാതെ ഓപ്പണർ ഹര്‍ഷ് ഗാവാലി പുറത്ത്. മറ്റൊരു ഓപ്പണറായ യാഷ് ദുബെ (23 പന്തിൽ 19), ഹിമാൻഷു മന്ത്രി (56 പന്തിൽ 26), ഹർപ്രീത് സിങ് (31 പന്തിൽ 13) എന്നിവരെയും ശ്രീഹരി മടക്കിയതോടെ കേരളത്തിന് പ്രതീക്ഷ. ശുഭം ശർമ (58 പന്തിൽ 18) റണ്ണൗട്ടായി. ടീം 78-5 എന്ന നിലയിലേക്ക് വീണു.