ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് നാളെ ഗുവാഹത്തിയില്‍ തുടക്കമാകും. ഏകദിന, ടി20 മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും ഗുവാഹത്തി ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്. ഇന്ത്യയിലെ മുപ്പതാമത്തെ ടെസ്റ്റ് വേദിയെന്ന നേട്ടവും നാളത്തെ മത്സരത്തോടെ ഗുവാഹത്തിക്ക് സ്വന്തമാവും. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയില്‍ സൂര്യാസ്തമയം നേരത്തെ ആയതിനാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി നാളത്തെ മത്സരം നേരത്തെ തുടങ്ങും. രാവിലെ 9 മണിക്കാണ് മത്സരം തുടങ്ങുക. 8.30നായിരിക്കും മത്സരത്തിന് ടോസിടുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ലഞ്ചിന് മുമ്പെ ടീ ബ്രേക്ക്
മറ്റൊരു അപൂര്‍വതക്ക് കൂടി നാളെ തുടങ്ങുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം സാക്ഷ്യം വഹിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ലഞ്ചിന് മുമ്പുള്ള ടീ ബ്രേക്കിനാണ് രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിക്കുക. സാധാരണഗതിയില്‍ പകല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യം ലഞ്ച് ബ്രേക്കും പിന്നീട് ടീ ബ്രേക്കുമാണ് ഉണ്ടാകാറുള്ളത്. ഡേ നൈറ്റ് ടെസ്റ്റാണെങ്കില്‍ ആദ്യം ടീം ബ്രേക്കും പിന്നീട് ഡിന്നര്‍ ബ്രേക്കുമായിരിക്കും ഉണ്ടാകുക.
എന്നാല്‍ ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് പകല്‍ ടെസ്റ്റ് മത്സരമാണെങ്കിലും ആദ്യം ടീം ബ്രേക്കാവും ഉണ്ടാകുക. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൂര്യാസ്തമയം നേരത്തെയായതിനാല്‍ പ്ലേയിംഗ് കണ്ടീഷനില്‍ മാറ്റം വരുത്തിയതിനാലാണിത്. ഇത് അനുസരിച്ച് ഇന്ത്യയില്‍ സാധാരണ ടെസ്റ്റ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തിനും അര മണിക്കൂര്‍ മുമ്പായിരിക്കും ഗുവാഹത്തി ടെസ്റ്റ് തുടങ്ങുക.