ദില്ലി: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം സ്ഥിരീകരിച്ച് വ്യോമസേന. വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടകാരണം എന്താണെന്ന് അറിയാൻ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് വീരമൃത്യുവരിച്ചുവെന്നും വ്യോമസേന സ്ഥിരീകരിച്ചു. അതേസമയം, അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. എയര്‍ഷോയുടെ അവസാനദിവസമായ ഇന്നാണ് ദാരുണമായ അപകടമുണ്ടായത്. പൈലറ്റിന്‍റെ മരണത്തിൽ ആഘാതദുഖം രേഖപ്പെടുത്തിയ വ്യോമസേന കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുകയാണെന്നും അറിയിച്ചു.
ഇതിനിടെ, ദുബായ് എയർഷോയിൽ കാഴ്ചക്കാർക്കായി തുറന്നിരുന്ന തേജസ് യുദ്ധവിമാനത്തിന്‍റെ പ്രദർശനം നിർത്തിവെച്ചു.അഭ്യാസ പ്രകടനം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു. ഇതിന്‍റെ പ്രദര്‍ശനമാണ് നിര്‍ത്തിവെച്ചത്. അപകടത്തെതുടര്‍ന്ന് എയര്‍ഷോയും നിര്‍ത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലൊക്കെ എയര്‍ഷോയുടെ ഭാഗമായി തേജസിന്‍റെ വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടായിരുന്നു. ദുബായ് സര്‍ക്കാരും അപകടം സ്ഥിരീകരിച്ചു. ദുബായ് പൊലീസാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ദുബായിലെ ഉദ്യോഗസ്ഥര്‍ നൽകുന്ന അനൗദ്യോഗിക വിവരം.