കോഴിക്കോട്: നീതി നിഷേധത്തിനെതിരെ സ്വന്തം ഭർത്താവിന്‍റെ വീട്ടുപടിക്കൽ ഒറ്റയാൾ സമരവുമായി യുവതി. കോഴിക്കോട് ഫറോക്കിൽ തന്നെ അകാരണമായി തലാഖ് ചൊല്ലി ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തിയെന്നാരോപിച്ച് ഭര്‍തൃവീടിന് മുന്നില്‍ യുവതിയുടെ പ്രതിഷേധം. ചേളാരി സ്വദേശിയായ ഹസീനയും മൂന്നാം ക്ലാസുകാരനായ മകനുമാണ് ഭര്‍തൃവീടിന് മുന്നില്‍ പ്രതിഷേധമിരിക്കുന്നത്. കുടുംബ കോടതിയിൽ നിന്നും ഭർത്താവിനൊപ്പം ജീവിക്കാനുള്ള ഉത്തരവുമായാണ് ഹസീനയും മകനും ഫറോക്കിലെ വീട്ടിലെത്തിയത്. എന്നാൽ ഭർത്താവും കുടുംബവും വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറിയ ഇതോടെ ഒരാഴ്ചയായി ഹസീനയും മകനും വീട്ടുവരാന്തയിലാണ് കഴിയുന്നത്.
ആറ് മാസം മുമ്പാണ് ഭർത്താവുമായി പിരിഞ്ഞ് ഹസീന തന്‍റെ വീട്ടിലേക്ക് പോകുന്നത്. ഇതിന് ശേഷം ഫറോക്ക് സ്വദേശിയായ ഭർത്താവ് ഫാസിൽ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയെന്നാണ് ഹസീന പറയുന്നത്. ഫാസിൽ ഹസീനയെ തലാക്ക് ചൊല്ലി ഒഴിവാക്കിയതിന് ശേഷം വീണ്ടുമൊരു വിവാഹം കഴിച്ചു. എന്നാൽ എട്ട് ദിവസം മുമ്പ് കുടുംബ കോടതിയിൽ നിന്നും ഫാസിലിനൊപ്പം ജീവിക്കാനുള്ള അനുമതി നൽകിയുള്ള ഉത്തരവ് ഹസീനക്ക് ലഭിച്ചു. തുടർന്നാണ് യുവതി ഭർത്താവിന്‍റെ വീട്ടിലെത്തിയത്. ഭർത്താവ് ഒരു കാരണവും പറയാതെയാണ് തന്നെ തലാഖ് ചൊല്ലിയതെന്ന് ഹസീന പറയുന്നു.
നിറം, വിദ്യാഭ്യാസം എന്നിവ കുറവാണെന്ന് പറഞ്ഞാണ് ഭർത്താവ് പ്രശ്നങ്ങൾ തുടങ്ങിയത്. വലിയ പെരുന്നാൾ കൂടാൻ വീട്ടിലേക്ക് പോയതാണ്. തിരിച്ചെത്തിയപ്പോൾ വാതിലടച്ചു. മകന് 2 വയസുള്ളപ്പോഴാണ് ഭർത്താവ് തന്നെ ഉപേക്ഷിക്കുന്നത്. മകനെപ്പോലും ഭർത്താവും കുടുംബവും തിരിഞ്ഞ് നോക്കിയില്ലെന്നും ഹസീന പറയുന്നു. വിവാഹത്തിന് 50 പവൻ സ്ത്രീധനമായി വരന് നൽകിയിരുന്നു. ഇതിൽ 42 പവൻ ഭർത്താവിന്‍റെ പക്കലാണുള്ളത്