മദീന: ജിദ്ദ-മദീന ഹൈവേയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിൻ്റ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. അബ്ദുൽ ജലീലിൻ്റെ മറ്റു മക്കളായ അയിഷ (15) മദീന കിംഗ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപ്രതിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച വൈകീട്ടോടെ മദീനക്ക് സമീപം ഉതൈമയിലാണ് അപകടം. ജിദ്ദ ഷറഫിയയിലെ അസ്കാൻ ബിൽഡിംഗിൽ താമസിക്കുന്ന അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശനത്തിന് പുറപ്പെട്ടതായിരുന്നു. ഇവരുടെ വാഹനം പുല്ലുകയറ്റിക്കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.