തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും. ഇന്നും നാളെയുമായി ചേരുന്ന ക്യാമ്പിൽ സംസ്ഥാനത്തെ 200 ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, സമരപരിപാടികളും , സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച വിഷയങ്ങളുമാകും ക്യാമ്പിൽ ചർച്ച ആവുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണവും സർക്കാരിനെതിരായ സമരവും ചർച്ച ചെയ്യുന്ന സെഷനോടെയാകും ക്യാമ്പ് തുടങ്ങുക. എസ് ഐ ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ക്യാമ്പിൽ ചർച്ച നടക്കും.തെരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പിൽ 80-ലധികം നിയമസഭാ സീറ്റുകളിൽ മേൽക്കൈ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫും കോൺഗ്രസും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല ഘടകങ്ങൾ കൊണ്ട് മാത്രം ജയിച്ചുകയറാനാവില്ലെന്നാണ് കനഗോലു ടീമടക്കം നടത്തിയ സർവേ ഫലങ്ങളെന്നാണ് വിവരം. കെ. സുധാകരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ജയസാധ്യതയിലൂന്നി സ്ഥാനാർത്ഥി നിർണയം എന്ന കടമ്പയാണ് കോൺഗ്രസിന് മുന്നിലുള്ളത്.
സംസ്ഥാനത്തെ 50% സീറ്റുകളിലും യുവാക്കളെയും സ്ത്രീകളെയും നിർത്തി 2021 ലേതിന് സമാനമായ മത്സരം കാഴ്‌ചവെക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. 2021 ൽ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മൂലം ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വീകാര്യത നേടാൻ യുവാക്കൾക്ക് സാധിച്ചില്ലെന്ന വിലയിരുത്തലുണ്ട്. ഈ കാര്യം മുൻനിർത്തി മുൻകൂട്ടി സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയെന്ന ലക്ഷ്യം ലക്ഷ്യ 2026 ക്യാമ്പിൽ നടപ്പാക്കും. ഇതടക്കമുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സംഘടനാ മാറ്റങ്ങൾക്കും ക്യാമ്പിൽ രൂപം നൽകും