തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ സാധ്യത തേടി ആൻ്റണി രാജു. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ വൈകാതെ സമീപിച്ചേക്കും..കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെ എത്താനാകൂ. കോടതി മൂന്നുവർഷത്തെ ശിക്ഷ വിധിച്ചതോടെ ആൻറണി രാജുവിൻ്റെ നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്നലെയാണ് തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെയും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെയും ശിക്ഷിച്ചത്.തുടർന്ന് പ്രതികൾക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസ് ആണെന്നായിരുന്നു വിധിയെ കുറിച്ചുള്ള ആൻറണി രാജുവിന്റെ പ്രതികരണം.
വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ. 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം തടവ്, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയെല്ലാം ചേർത്ത് പരമാവധി മൂന്ന് വർഷം അനുഭവിച്ചാൽ മതി.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്