വാഷിങ്ടണ്‍: വെനസ്വേലയെ അമേരിക്ക ഏറ്റൈടുത്തെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രവും ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലില്‍ മഡുറോയെ കണ്ണുകെട്ടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ട്രംപ് പങ്കുവച്ചത്. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധകപ്പലില്‍ എത്തിച്ചതെന്നും മഡുറോയും ഭാര്യയും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധികാരകൈമാറ്റം ഉണ്ടാകും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ട്രംപ് പറഞ്ഞു. അവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തും. യുഎസ് എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ പണമുണ്ടാക്കുമെന്നും നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികരെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷന്‍ ഷോ കാണുന്നതുപോലെയാണ് രാത്രിയില്‍ താന്‍ കണ്ടതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിക്കടത്ത്, ആയുധ ഇടപാട്, ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ് മഡൂറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.50 ഓടെയാണ് കാരക്കാസില്‍ യുഎസിന്റെ ബോംബ് ആക്രമണങ്ങളുണ്ടായത്. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്.
സൈനിക നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ തീവ്രവാദവിരുദ്ധ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരക്കാസില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തിയതായും സ്‌ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നു. തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ലാ കാര്‍ലോട്ട സൈനിക വിമാനത്താവളവും പ്രധാന സൈനിക താവളമായ ഫ്വേര്‍ട്ടെ ടിയുനയും ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതായാണ് വിവരം. മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലും ആക്രമണം ഉണ്ടായെന്നും സൈനിക, സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായും വെനസ്വേല അറിയിച്ചു. പിന്നാലെ രാജ്യത്ത് സായുധസേനയെ വിന്യസിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.