വയനാട് :മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. പ്ലാക്കൽ സുരാജിന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് പുലിയെ കണ്ടത്. പിന്നാലെ പുലി പൂച്ചയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മുട്ടിൽ മല പ്രദേശത്താണ് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
വളർത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലി പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്നത് കണ്ടത്. ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി പൂച്ചയെ നിലത്തിട്ട് ഓടി മറഞ്ഞു. വനം വകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തി. പൊഴുതന അച്ചൂരിലും വീണ്ടും പുലിയിറങ്ങി. അച്ചൂർ 16ൽ പുലി പശുക്കുട്ടിയെ കൊന്നു. പാടിക്ക് സമീപം വെച്ചാണ് പശുക്കുട്ടിയെ പുലി കൊന്നത്. പ്രദേശവാസിയായ കുട്ടിപ്പയുടെ പശുക്കുട്ടിയെയാണ് കൊന്നത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ട്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്