കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുടേതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. നിലവില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വോട്ടര്‍മാരുടെ പേര് ലിസ്റ്റില്‍ നിന്ന് ഇല്ലാതാവാതിരിക്കാനുള്ള കാര്യങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ജോസ് കെ മാണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ തവണയും 13 സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ട് നല്‍കേണ്ടി വന്നു. ഇനി അങ്ങനെ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. 13 സീറ്റിലും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് തന്നെയാണ് ആവശ്യം. അത് ആവശ്യപ്പെടാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. പക്ഷെ കടുംപിടുത്തത്തിലേക്ക് പോകില്ല. വെച്ചുമാറല്‍ സാധ്യതയുണ്ടെങ്കില്‍ അതും പരിഗണിക്കും. ഇത്തവണ കടുത്ത മത്സരം എല്ലായിടത്തും ഉണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കുറ്റ്യാടി ഉള്‍പ്പെടെയുള്ള 13 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. പാലാ തിരിച്ചുപിടിക്കാനായി ജോസ് കെ മാണിയെ തന്നെ കളത്തിലിറക്കുമെന്നാണ് കരുതുന്നത്. കുറ്റ്യാടി കേരള കോണ്‍ഗ്രസിന്റെ സീറ്റാണെന്നും ചില കാരണങ്ങളാല്‍ സിപിഐഎമ്മിന് വിട്ടുകൊടുക്കേണ്ടി വന്നതാണെന്നും ജോസ് കെ മാണി പ്രതികരിച്ചു
പാലായിലെ വികസനം തടസപ്പെടുത്തിയത് ആരാണെന്ന് പാലായിലുള്ളവര്‍ക്ക് അറിയാമെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി പാലായില്‍ എന്ത് വികസനം കൊണ്ടുവന്നെന്ന് മാണി സി കാപ്പന്‍ എംഎല്‍എ വ്യക്തമാക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. ഒരു ബൃഹത് പദ്ധതി പോലും പാലായില്‍ കൊണ്ടുവന്നിട്ടില്ല. വാക്ക് തര്‍ക്കത്തിനില്ലെന്നും ജനങ്ങള്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇത്തവണയും മത്സരിക്കുമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ജോസ് കെ മാണി മുന്നണിയില്‍ വരുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്‌സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞായിരുന്നു ജോസ് കെ മാണി മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സീറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് മാണി സി കാപ്പന്‍ ചോദിച്ചു. അതും രാജിവെച്ചിട്ട് വന്നാല്‍ ജനങ്ങളോട് എന്ത് മറുപടി പറയുമെന്ന് ആലോചിക്കട്ടെയെന്നും മാണി സി കാപ്പന്‍ പറഞ്ഞു