നാദാപുരം: പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്‍റെ ടയർ കയറിതിനെ തുടർന്ന് പൊട്ടിയതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പൊലീസ് കേസെടുത്തു.
ഇന്നലെയാണ് സ്കൂൾ ബസ് കടന്ന് പോയ ഉടനെ പൊട്ടിത്തെറി നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ് പ്രദേശത്ത് കൂടെ കടന്നുപോയത്. ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചതിന് ശേഷമാണ് ഡ്രൈവർ സംഭവം പൊലീസിൽ അറിയിച്ചത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ റോഡിൽ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയത് പടക്കമാണെന്ന് കണ്ടെത്തിയത്.