രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്നും ലഹരിവസ്തുക്കളും കടത്തിയ കേസിൽ രണ്ട് മലയാളി യുവാക്കൾക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. തൃശൂർ തൃപ്രയാർ സ്വദേശിയും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുമാണ് ശിക്ഷിക്കപ്പെട്ടത്. ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിന് ഷുവൈഖിലെ താമസസ്ഥലത്തുനിന്നും കൈഫാൻ പ്രദേശത്തുനിന്നുമായി പ്രതികളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിൻ, 8 കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഐസ് മെത്ത്), രണ്ട് ഇലക്ട്രോണിക് തുലാസുകൾ എന്നിവ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ഹവല്ലി വിദേശത്തുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുവൈറ്റിനുള്ളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കണ്ടെത്തി. നിയമപരമായ കാരണങ്ങളാൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരിമരുന്ന് കേസുകളിൽ രാജ്യം സ്വീകരിക്കുന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ വിധിയെന്ന് അധികൃതർ വ്യക്തമാക്കി.