കോടഞ്ചേരി:നെല്ലിപ്പോയിൽ വില്ലേജ് മഞ്ഞുവയൽ എട്ടാം വാർഡിൽ പെരുമ്പനാനി ടോമിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിന് പോയവർ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗ്രേഡ് സിനിൽ എ, സാറ്റലൈറ്റ്ആർ ആർ ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സനോജ് എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുൺ എം എം, ഫോറസ്റ്റ് വാച്ചർമാരായ, ബിജു പി സി, ശ്രീകാന്ത് പി ബി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
ക്യാമറയിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അടിയന്തര തുടർനടപടി സ്വീകരിച്ച് പുലിയെ പിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോബി ജോസഫ്, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, നാൻസി ജോഷി എന്നിവർക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
ക്ഷീരകർഷകരും റബർ ടാപ്പിംഗ് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സ്വൈര്യമായി സഞ്ചരിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രദേശവാസികളായ ജോസ് പരത്തമല, സിജോ പൊട്ടുകുളം, ഷാജി കണിയാം കുന്നേൽ, കുഞ്ഞുമോൻ നെയ്യത്തും പറമ്പിൽ, അഗസ്റ്റിൻ വാഴയിൽ, ഷാജു പേക്കുഴിയിൽ, മാത്യു പൊട്ടുകുളത്ത്, അബിൻ പൂന്തുരുത്തി, സെബാസ്റ്റ്യൻ കപ്പലുമാക്കൽ എന്നിവർ നാട്ടുകാരുടെ പരാതികൾ സംഘത്തെ ബോധിപ്പിച്ചു.
മലയോരമേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി സാന്നിധ്യത്തെ ലഘൂകരിക്കുവാൻ നിയമിച്ച ആണിക്യം പോലും സാറ്റലൈറ്റ് ആർ ആർ ടിയുടെ പ്രവർത്തനം നിശ്ചലം ആണെന്നും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ഉപകരണങ്ങളോ വാഹനമോ ബിൽഡിംഗ് സൗകര്യമടക്കമുള്ളവയോ നൽകിയിട്ടില്ല എന്നത് മലയോര മേഖല ജനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയുടെ ഉദാഹരണം ആണെന്ന് ജനപ്രതിസംഘം അറിയിച്ചു.
ആവശ്യമായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പാച്ചർമാരെ നിയമിക്കുകയും അവർക്ക് അടിയന്തര സാഹചര്യങ്ങളിൽ എത്തിച്ചേരാൻ ആവശ്യമായ വാഹനമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നും ജനപ്രതിനിധി സംഘം ആവശ്യപ്പെട്ടു.