റിയാദ്: സഊദിയിൽ വിദേശികൾക്ക് വസ്തുവകകൾ സ്വന്തമാക്കുന്നതിനുള്ള പുതിയ നിയമങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായാണ് സഊദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഈ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്.
ഇനിമുതൽ വിദേശികൾക്ക് വസ്തു ഉടമസ്ഥാവകാശത്തിനുള്ള അപേക്ഷകൾ 'സഊദി പ്രോപ്പർട്ടീസ്' എന്ന ഏകീകൃത ഡിജിറ്റൽ പോർട്ടൽ വഴി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. യോഗ്യതാ പരിശോധന മുതൽ അന്തിമ രജിസ്ട്രേഷൻ വരെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും പേപ്പർരഹിതമായി ഈ പ്ലാറ്റ്‌ഫോമിലൂടെ പൂർത്തിയാക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം?
താമസക്കാർ : ഇഖാമയുള്ളവർക്ക് പോർട്ടൽ വഴി നേരിട്ട് അപേക്ഷിക്കാം.
പ്രവാസികൾ (Non-resident Foreigners): വിദേശത്തുള്ള സഊദി എംബസികൾ വഴി ഡിജിറ്റൽ ഐഡന്റിറ്റി കരസ്ഥമാക്കി അപേക്ഷകൾ തുടരാം.
വിദേശ കമ്പനികൾ: നിക്ഷേപ മന്ത്രാലയത്തിൽ (Invest Saudi) രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ ഉടമസ്ഥാവകാശത്തിന് അപേക്ഷിക്കാനാവൂ.
മക്കയിലും മദീനയിലും പ്രത്യേക നിയന്ത്രണം
പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും വസ്തുവകകൾ സ്വന്തമാക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നഗരങ്ങളിൽ സഊദി കമ്പനികൾക്കും മുസ് ലിം വ്യക്തികൾക്കും (രാജ്യത്തിനകത്തോ പുറത്തോ ഉള്ളവർ) മാത്രമേ ഉടമസ്ഥാവകാശം അനുവദിക്കൂ. റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രത്യേക സോണിംഗ് ചട്ടക്കൂട് 2026-ന്റെ ആദ്യ പാദത്തിൽ പുറത്തിറക്കും.