കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയവേ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയ സംഭവത്തിൽ നാല് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് എസിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഉദ്യോഗസ്ഥർ ജാഗ്രത കാട്ടിയില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
കഴിഞ്ഞ ഡിസംബർ 29-ന് രാത്രിയിലാണ് അതീവ സുരക്ഷയുള്ള സെല്ലിൽ നിന്ന് വിനീഷ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോഴും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് വഴിതെളിക്കുന്നുണ്ട്.
നഗരത്തിലെ പ്രധാന പാതകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിനീഷിനെ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരു ക്യാമറയിൽ പോലും പതിയാതെ പ്രതി എങ്ങനെ നഗരം വിട്ടു എന്നതും ദുരൂഹതയുണർത്തുന്നു. ഇത് പൊലിസിനെ വട്ടംകറക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
അക്രമസ്വഭാവം ഏറെയുള്ള ക്രിമിനലാണ് വിനീഷ് എന്ന് അന്വേഷണസംഘം തന്നെ വ്യക്തമാക്കുന്നു. ജയിലിലും സെല്ലിലും ഇയാൾ പലപ്പോഴും അക്രമാസക്തനാകാറുണ്ടായിരുന്നു. പ്രതിയെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബത്തിന് ഇയാൾ ഭീഷണിയായേക്കുമെന്നും പൊലിസ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിനീഷ് രക്ഷപ്പെട്ടതിനെ തുടർന്ന് ദൃശ്യയുടെ അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലും പരിസരത്തും പൊലിസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വീടിനു ചുറ്റും പൊലിസ് നിരീക്ഷണം ശക്തമാക്കി.
പ്രതിയുടെ ജന്മനാടായ പെരിന്തൽമണ്ണയിലേക്കോ ബന്ധുവീടുകളിലേക്കോ എത്താനുള്ള സാധ്യതയും കണക്കിലെടുത്ത് പൊലിസ് മഫ്തിയിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരിന്തൽമണ്ണ, മഞ്ചേരി പൊലിസ് സ്റ്റേഷനുകളുടെ സഹായത്തോടെയാണ് വിനീഷിന്റെ മുൻകാല ഇടപഴകലുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
2021-ൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ (21) വിനീഷ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. പിതാവിന്റെ സ്ഥാപനം തീയിട്ട ശേഷം ദൃശ്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വെച്ചാണ് ഇയാൾ കൃത്യം നടത്തിയത്.
കൊലപാതകത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷ്, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇയാൾ കുതിരവട്ടത്ത് നിന്ന് ചാടിപ്പോകുന്നത് എന്നതും സുരക്ഷാ സംവിധാനങ്ങളുടെ പരാജയമായി വിലയിരുത്തപ്പെടുന്നു.
നേരത്തെ 2022-ലും ഇയാൾ ഇതേ രീതിയിൽ രക്ഷപ്പെട്ടിരുന്നു. അന്ന് കർണാടകയിലെ ധർമ്മസ്ഥലയിൽ വെച്ച് നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. ഇത്തവണയും വിനീഷ് സംസ്ഥാനം വിട്ടോ എന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.