മഞ്ഞിൽ പുതച്ച് ഉത്തരേന്ത്യ. ജമ്മുകശ്മീരിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. ഹിമാചൽ പ്രദേശിലെ മണാലി, കസോൾ, ഷിംല എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ച ശക്തമായ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഞ്ഞു വീഴ്ച മൂലം ന്യൂയോർക്കിലേക്ക് അടക്കമുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. അതേസമയം ദില്ലിയിലെ മഴയെത്തുടർന്ന് വായു ഗുണനിലവാരത്തോത് മെച്ചപ്പെട്ടു. ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ മേഖലകളിലും താപനില 6 ഡിഗ്രി വരെ താഴ്ന്നിരുന്നു.
അതേസമയം, കനത്ത മഞ്ഞ് വീഴ്ചയുടെ പിന്നാലെ വിവിധയിടങ്ങളിൽ നിന്നും അപകട വാർത്തകളും പുറത്ത് വന്നു. കശ്മീരിലെ ബന്ദിപ്പോരയിലെ ഗുരെസ്, തുലൈൽ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും മൂലം നൂറോളം പാർപ്പിടങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ശനിയാഴ്ച അധികൃതർ അറിയിച്ചു