തിരുവനന്തപുരം:വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആശുപത്രിയിൽ എത്തിച്ച രോഗിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് പരാതി. ചികിത്സ വൈകിയതിനെ തുടർന്ന് വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ മരിച്ചു.
ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ തയ്യാറായില്ലെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. ആശുപത്രിയിലെ എല്ലാവരും ഉറക്കത്തിലായിരുന്നു. ഗേറ്റ് തുറന്നു നൽകിയില്ല.ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.നിരവധി തവണ വിളിച്ചതിന് ശേഷമാണ് അകത്ത് പ്രവേശിക്കാനായതെന്നും അവർ ആരോപിച്ചു.വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്കാണ് കുടുംബം ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. വാതിൽ തുറന്ന് കിടക്കുകയായിരുന്നെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
ഈ മാസം 19നാണ് സ്വിഗ്ഗി ജീവനക്കാരനായ ബിസ്‌മിർ ശ്വാസ തടസത്തെ തുടർന്ന് മരിച്ചത്. 37 വയസായിരുന്നു. സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, പട്ടി കയറുന്നതിനാലാണ് ഗേറ്റ് അടച്ചിട്ടതെന്ന് ആശുപത്രിയുടെ വിശദീകരണം.