കോഴിക്കോട് :നാദാപുരം കല്ലാച്ചിയിൽ രണ്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ചിരവ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത് സ്വത്ത് കൈവശപ്പെടുത്താനെന്ന് സഹോദരൻ.ഷംനയുടെ സഹോദരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്ത് വന്നു.
ഷംനയുടെ പേരിൽ വയനാട്ടിലും മറ്റുമായുള്ള സ്വത്തുക്കൾ ഫൈസലിന്റെ പേരിൽ ആകണമെന്നാവശ്യപ്പെട്ട് നിരന്തരമായി ഉപദ്രവിക്കാറുണ്ട് സഹോദരൻ പറയുന്നു.
വിവാഹ സമയത്ത് നൽകിയ പണം ഇയാൾ കൈവശപ്പെടുത്തി. വിവാഹബന്ധം വേർപ്പെടുത്തിയാൽ കുടുംബത്തിലുള്ളവരടക്കം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തയതായും സഹോദരൻ പറഞ്ഞു.
സംഭവത്തിണ് പിന്നാലെ ഒളിവിൽപോയ ഭർത്താവ് ഫൈസലിനെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിന്റെ മകൾ ഷംന (27) ക്കാണ് നാദാപുരം തെരുവം പറമ്പിലെ ഭർതൃവീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം കുത്തേറ്റത്.തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ചിയ്യൂരിലെ ഫൈസലിന്റെ വീട്ടിൽ വച്ചാണ് ഷംനയുടെ ഇടത് വയറിനും കൈക്കുമാണ് കുത്തേറ്റത്.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
വടകര സി എം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനയെ പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കേട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. സ്വത്ത് സംബന്ധമായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ ഷംനയും പറഞ്ഞു.
അക്രമത്തിന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിഐ എം. എസ് സാജനാണ് അന്വേഷണ ചുമതല.
കെ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്‌ധരും സയിൻ്റിഫിക് ഓഫീസർ സി അജിനയും വീട് പരിശോധിച്ചു.
പരിശോധനയിൽ രണ്ട് മുറികളിൽ രക്തക്കറകൾ കണ്ടെത്തി. അടുക്കള ഭാഗത്തെ മുറിയിൽ നിന്ന് ഫൈസൽ ഷംനയെ ആക്രമിച്ചതിനും അടുക്കള മുറിയിൽ പിടിവലി നടന്നതിനും തെളിവുകൾ ലഭിച്ചു.
പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിക്കണെമെന്ന് ഷംന ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ഫൈസൽ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അയൽവാസികളാണ് ഷംനയെ ആശുപത്രിയിൽ എത്തിച്ചത്.