കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ കച്ചവടത്തിനായി സൂക്ഷിച്ച കല്ലുമ്മക്കായ മോഷണം നടത്തിയ പ്രതി പിടിയിൽ. പൂവാട്ടുപറമ്പ് ആനക്കുഴക്കര പറയരുകണ്ടി റഫീഖ് (56)നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 12ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
21250രൂപ വില വരുന്ന 85കിലോ കല്ലുമ്മക്കായ ആണ് പ്രതി മോഷ്ടിച്ചത്. പരാതിയെ തുടര്‍ന്ന് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ഷിജു, ഷാഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെക്കുറിച്ച് മനസിലാക്കിയ പോലീസ് പ്രതിയെ കളവിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി വീടുകൾ കയറിയിറങ്ങി മത്സ്യം വിൽക്കുന്ന ആളാണെന്നും, സമാനമായ കുറ്റകൃത്യം ഇതിനുമുമ്പും നടത്തിയിട്ടുണ്ടെന്നും, മോഷണം നടത്തുന്ന കല്ലുമ്മക്കായ മീൻ വില്പനയുടെ കൂടെ വിൽക്കാറാണ് പതിവ് എന്നും ടൗൺ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു