താമരശ്ശേരി : പ്രചാരണത്തിലും പര്യടനങ്ങളിലുമുള്ള ആവേശവും പങ്കാളിത്തവും വോട്ടെടുപ്പിൽ പ്രതിഫലിക്കാതിരുന്നതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ വലിയ ഇടിവ്. ബുധനാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ ആകെയുള്ള 1,84,808 വോട്ടർമാരിൽ 1,22,705 പേർ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 66.39 ശതമാനം മാത്രമായിരുന്നു പോളിങ്. സ്ത്രീകളിൽ 68.34 ശതമാനം പേരും പുരുഷന്മാരിൽ 64.40 ശതമാനം പേരും വോട്ടർ പട്ടികയിൽ പേരുള്ള മൂന്ന് ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഒരാളും വോട്ടുചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെയപേക്ഷിച്ച് 6.98 ശതമാനമാണ് പോളിങ് ശതമാനത്തിൽ ഇടിവുണ്ടായത്. ഈ വർഷം ഏപ്രിൽ 26-ന് നടന്ന തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ 73.37 ശതമാനമായിരുന്നു പോളിങ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാവട്ടെ 81.26 ശതമാനം പേർ വോട്ടുചെയ്തിരുന്നു.
നിയോജകമണ്ഡലത്തിലെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയുള്ള വോട്ടിങ് സമയത്തിനുള്ളിൽ വളരെ കുറച്ചുനേരംമാത്രമാണ് വോട്ടർമാരുടെ ദൈർഘ്യമേറിയ നിര കാണാൻസാധിച്ചത്. പൊതുവെ സമാധാനപരമായ ഉപതിരഞ്ഞെടുപ്പിൽ വൈകീട്ട് ആറുമണിയോടെത്തന്നെ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് പൂർത്തിയായി. മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും, വിതരണ-സ്വീകരണകേന്ദ്രവും വോട്ടെണ്ണൽകേന്ദ്രവുമായ കൂടത്തായി സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ പതിനെട്ട് കൗണ്ടറുകളിലായി തിരികെയേൽപ്പിച്ചു.
പോളിങ് സമയത്തിന് അഞ്ചുമിനിറ്റ് മുൻപുതന്നെ തൊണ്ണൂറുശതമാനം ബൂത്തുകളിലും മോക്ക് പോൾ പൂർത്തിയാക്കി ഏഴുമണിയോടെ പോളിങ് ആരംഭിച്ചു. രാവിലെ ഏഴേകാലിനകം 181-ൽ 167 പോളിങ് ബൂത്തുകളിലും എട്ടേ പത്തോടെ മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് പ്രക്രിയ തുടങ്ങി. 16 സ്ഥാനാർഥികൾക്കൊപ്പം നോട്ടയ്ക്കും ബട്ടൺ ആവശ്യമായതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകളാണ് ഓരോ പോളിങ് ബൂത്തിലും ഉപയോഗിച്ചത്. രാവിലെ ഒൻപതുമണിയോടെ 13.81 ആയിരുന്നു പോളിങ് ശതമാനം. പത്തര ആയപ്പോൾ 21 ശതമാനം പിന്നിട്ടു. വൈകീട്ട് മൂന്നരയോടെ ആകെ പോളിങ് അൻപതുശതമാനമായി.
നിയോജകമണ്ഡലത്തിലെ 181 പോളിങ് സ്റ്റേഷനുകളിലും സുതാര്യമായ വോട്ടെടുപ്പിനായി വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. കളക്ടറേറ്റിലെ ജില്ലാ കൺട്രോൾ റൂമിൽനിന്ന് കളക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെയും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ശീതൾ ജി. മോഹന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബൂത്തുകളിലെ നടപടിക്രമങ്ങൾ നിരീക്ഷിച്ചു. കൂടത്തായി സെയ്ന്റ് മേരീസ് എൽ.പി.എസിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കെ.എൻ. ബിന്ദുവിന്റെ നിയന്ത്രണത്തിൽ കൺട്രോൾ റൂമും പ്രവർത്തിച്ചു.