കൊച്ചി: സ്വന്തം മൈതാനത്ത് ആവേശപ്പോരിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒഡിഷ എഫ്.സിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
കലൂർ സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ പതർച്ചയോടെയാണ് മഞ്ഞപ്പടയുടെ തുടക്കം. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ ഒഡിഷ ലീഡെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പാളിച്ച മുതലെടുത്ത് ഒഡിഷ മിഡ്ഫീൽഡർ ജെറി മവിമിങ്താംഗയാണ് ഗോൾ നേടിയത് (സ്കോർ 1-0).
നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള പന്ത് ഒഡിഷ കളിക്കാരുടെ കാലിലേക്കെന്തുമ്പോൾ പന്ത് മൈതാനമധ്യത്തില്‍ തൊട്ടടുത്ത് നിന്ന പ്രീതം കോട്ടാലിനെ കാഴ്ച്ചക്കാരനാക്കി ഡോറില്‍ട്ടണ്‍ ഗോമസ് പന്ത് ജെറി മവിമിങ്താംഗയ്ക്ക് ഹെഡ് ചെയ്തു നൽകുകയായിരുന്നു. രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ഗോളിയെയും മറികടന്ന് ജെറി പന്ത് കൃത്യം വലയിലാക്കി.
തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് കളിച്ചുകയറാനുള്ള ശ്രമമായിരുന്നു പിന്നീടുള്ള ആദ്യ പകുതിയിലുടനീളം കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. 12ാം മിനിറ്റിൽ ലഭിച്ച ആദ്യ കോർണർ കിക്കും ഗോളാക്കാൻ ആതിഥേയർക്കായില്ല. നോഹ സദൂയിയുടെയും ക്വാമെ പെപ്രയുടെയും അഡ്രിയാൻ ലൂണയുടെയുമെല്ലാം പലവിധ പരിശ്രമങ്ങളും ഗോൾ രഹിതമായി നീങ്ങിയപ്പോൾ വിരസമായ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായില്ല.