കൽപ്പറ്റ :ജനവാസ
മേഖലകളിൽ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആർ കേളു.വന്യജീവികൾ നാട്ടിലിറങ്ങിയുണ്ടാകുന്ന പ്രശ്‌ങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരു ന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം.
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ രാത്രി സമയങ്ങളിൽ വനപാതകളിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും മന്ത്രി അറിയിച്ചു.കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാൻ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.
വന്യജീവികളുടെ ആവാസ വ്യവസ്ഥയിൽ മാറ്റം സംഭവിക്കുന്നതിനാൽ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്നും വനം വകുപ്പ് ജാഗ്രതയോടെ നിരീക്ഷണം നടത്തണമെന്നും മന്ത്രി വൈൽഡ് ലൈഫ് വാർഡൻ, നോർത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് യോഗത്തിൽ ആവശ്യപ്പെട്ടു.മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളിൽ അന്തർ സംസ്ഥാന ഫോഴ്സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നടത്തുന്നതായി നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ് ദീപ അറിയിച്ചു.
അമരക്കുനിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. കർണ്ണാടക- കേരള അതിർത്തിയിലെത്തിയ ബേലൂർ മഘ്നയുടെ സഞ്ചാരപാത നിരീഷിക്കുന്നതിന് 24 മണിക്കൂർസേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി. ആനത്താരകളിലെ നിരീക്ഷണം, രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.
നോർത്ത് /സൗത്ത് ഡി എഫ് മാരുടെ കീഴിലുള്ള ആർ.ആർ.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്താനും ജില്ലയിലെ വന്യമൃഗ സംഘർഷത്തിന് പ്രത്യേക പരിഗണന നൽകി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ബീറ്റ് ഫോറസ്റ്റ് ഉദ്യോർഗിഥികളെ അനുവദിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു.
വനമേഖലയിൽ പടർന്നു പിടിക്കുന്ന മഞ്ഞക്കാടുകൾ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവർത്തികളുടെ ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ അനാസ്ഥ പാടില്ല. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാണമെന്നും ടി. സിദ്ധീഖ് എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അടക്കമുള്ളവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.