വയനാട്: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ.രാമനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞുവെച്ചു.
ഇന്ന് പുലർച്ചെയും ആടിനെ കടുവ കടിച്ചുകൊന്നിരുന്നു. കടുവ എവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. കടുവയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു.
രാവിലെ കടുവയെ കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെകൂടി കൊന്നതോടെ ഒരാഴ്ചക്കിടെ കടുവ കൊന്ന ആടുകളുടെ എണ്ണം നാലായി.