കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം. മെഡിക്കൽ കോളേജിലേക്കുള്ള മരുന്നു വിതരണം നിലച്ചതോടെ മരുന്നിനായി രോഗികൾ നെട്ടോട്ടത്തിലാണ്.മെഡിക്കൽ കോളേജിലെ ന്യായ വില മെഡിക്കൽ ഷോപ്പുകളിൽ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികൾ നേരിടുന്നത്.
ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിനു ആവശ്യമായ മരുന്നില്ല. പരാതിയുമായി രോഗികളും ബന്ധുക്കളും ഡി എം ഓ യെ കണ്ടു. ഡയാലിസിസ് മരുന്ന് കാരുണ്യ മെഡിക്കൽ ഷോപ്പുകളിലും കിട്ടാനില്ലെന്നതാണ് പ്രതിസന്ധി കൂട്ടുന്നത്.മരുന്ന് വിതരണക്കാർ മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു. മരുന്നു വിതരണക്കാർക്കുള്ള കുടിശ്ശിക എൺപതു കോടി രൂപയിലധികമായതോടെയാണ് മരുന്നു വിതരണം നിർത്തിയത്.
മെഡിക്കൽ കോളേജിലെ ന്യായ വില മെഡിക്കൽ ഷോപ്പുകളിൽ പല മരുന്നുകളും കിട്ടാനില്ല. ഇതോടെ ഉയർന്ന വില കൊടുത്ത് പുറത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികൾ. പലർക്കും ഇതിനുളള സാമ്പത്തിക സ്ഥിതിയുമില്ലെന്നതാണ് നേരിടുന്ന പ്രതിസന്ധി.