മലപ്പുറത്ത് റാഗിങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. കൊണ്ടോട്ടി ജിവിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. മർദന ദൃശ്യങ്ങൾ റീൽ ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് ആണ് മർദനമേറ്റത്.
ആദ്യ മർദനത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയത് ചോദ്യം ചെയ്തത് വീണ്ടും മർദിച്ചെന്ന് വിദ്യാർഥികൾ. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർഥികൾക്ക് എതിരെ കേസ് എടുത്തു. കഴിഞ്ഞദിവസമാണ് രണ്ട് വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ കൂട്ടമായി മർദിച്ചത്. സ്‌കൂൾ ഗ്രൗണ്ടിൽവെച്ചും സമീപത്തെ റോഡിൽ വെച്ചുമായിരുന്നു മർദനം.
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, ഐഡി കാർഡ് ധരിച്ചില്ല എന്നാരോപിച്ചായിരുന്നു മർദനം. തുടർന്ന് വിദ്യാർഥികളുടെ മതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു വീണ്ടും മർദിച്ചത്. പരുക്കേറ്റ വിദ്യാർഥികൾ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രണ്ടാം തവണ മർദിക്കുന്നതിനിടെ സ്കൂളിലെ ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. അഞ്ചു മാസം ഗർഭിണിയായ അധ്യാപികയ്ക്ക് കല്ലേറിൽ പരുക്കേൽക്കുകയായിരുന്നു.