സ്വർണക്കടത്തിലെ തർക്കത്തെതുടർന്ന് മലയാളികളായ രണ്ടു യുവാക്കളെ മംഗളൂരുവിൽ കഴുത്തറുത്ത് കൊന്ന് കാസർകോട് കുഴിച്ചിട്ട കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും. കാസർകോട് സ്വദേശികളായ മുനാഫർ സനാഫ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് മംഗളൂരൂ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ, മൂന്ന് മാസ അധിക തടവ് അനുഭവിക്കണം.
തലശേരി സ്വദേശി നഫീർ, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹിം എന്നിവരെ കൊലപ്പെടുത്തി കാസർകോട് മരുതടുക്കത്ത് കുഴിച്ചിട്ട കേസിലാണ് ശിക്ഷ. 2014 ജൂലൈ ഒന്നിന് മംഗളൂരുവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട രണ്ടു പേരും ഗൾഫിൽ നിന്ന് സ്വർണം കടത്തുന്ന കാരിയർമാരായിരുന്നു. സ്വർണം നിർദേശിക്കപ്പെട്ടയാൾക്ക് എത്തിക്കുന്നതിനു പകരം മറ്റൊരാൾക്ക് മറിച്ചു വിറ്റെന്നാരോപിച്ചായിരുന്നു കൊലപാതകം