ബെംഗളൂരു: കര്‍ണാടക മുന്‍ മേധാവി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
സ്വത്ത് സഹോദരിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വാഗ്വാദത്തിനൊടുവില്‍ മുളകു പൊടിയെറിഞ്ഞ് കീഴ്പ്പെടുത്തിയ ശേഷം കെട്ടിയിട്ട് കത്തിയും കുപ്പിയുമുപയോഗിച്ച് കഴുത്തിനും തലയ്ക്കു പിറകിലും നിരവധി തവണ കുത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ ഓം പ്രകാശിനെ മരിക്കുന്നതു വരെ നോക്കി നിന്നുവെന്നും പൊലീസ് പറയുന്നു.
സംഭവ സമയത്ത് വീട്ടിലെ മുകളിലെ നിലയിലുണ്ടായിരുന്ന മകള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കൃത്യം നടത്തിയ ശേഷം മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് എപ്പോഴും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ആക്രമിച്ചത് എന്നുമായിരുന്നു ഭാര്യ ആദ്യം മൊഴി നല്‍കിയത്. ഓം പ്രകാശിന്റെ പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച നടക്കും.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ്. 2015ലാണ് വിരമിക്കുന്നത്. ലോകായുക്ത, ഫയര്‍ ആൻഡ് എമര്‍ജന്‍സി സര്‍വീസ്, ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നതായാണ് വിവരം.