താമരശ്ശേരി: പ്രതികളിൽ നിന്നും പിടികൂടിയത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. താമരശ്ശേരിയിൽ എട്ടു മാസമായി ജയിലിൽ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവിൽ ജാമ്യം അനുവദിച്ചു കോടതി. വടകര തച്ചംപൊയിൽ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പൻ പൊയിൽ സ്വദേശി തെക്കെപുരയിൽ സനീഷ് കുമാറിനുമാണ് ജാമ്യം നൽകിയത്. 2024 ആഗസ്റ്റ് 28 നാണ് 58.53 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരേയും താമരശ്ശേരി പോലീസ് പിടികൂടിയത്.
കൂടെ ചെറിയ അളവിൽ കഞ്ചാവും കണ്ടെത്തിയിരുന്നു. എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് ജയിലിലടച്ചത്. രാസപരിശോധനയിലാണ് പിടിച്ചെടുത്തത് ലഹരിയല്ലെന്ന് വ്യക്തമായത്. ഇതോടെയാണ് പ്രതികൾക്ക് വടകര നർക്കോട്ടിക് സ്പെഷ്യൽ കോടതി ജാമ്യം നൽകിയത്. കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചക്കുള്ളിൽ രാസ പരിശോധനാ ഫലം ലഭ്യമാക്കണമെന്നാണ് നിയമം.
എട്ടുമാസത്തിന് ശേഷമാണ് പൊലീസ് രാസ പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കിയത്. പിടിച്ചെടുത്തത് മയക്കുമരുന്നാണോ എന്ന് ഉടൻ ഉറപ്പാക്കാൻ സംവിധാനങ്ങൾ ഇല്ലെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. അന്യായമായി ജയിലടച്ച പോലീസിനെതിരെ നിയമ നടപടിയെടുക്കുമെന് ഇരുവരും വ്യക്തമാക്കി.