കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.
മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദ മേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പൻ) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂർ കേരളവർമ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ യുജിസി ഫെലോഷിപ്പിൽ യൂണിവേഴ്‌സിറ്റിയിൽ ചരിത്രഗവേഷണം ആരംഭിച്ചു.
പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്കൃത ഗ്രന്ഥങ്ങളും പുരാവസ്‌തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of Kerala ഗവേഷണപ്രബന്ധത്തിന് പിഎച്ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവർഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്‌തകരൂപത്തിൽ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ്.