കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടയ്ക്ക് പുറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനുംദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെമുതലേ അങ്ങാടിയിൽ ചെറിയരീതിയിലുള്ള ദുർഗന്ധം വമിച്ചിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുദിവസമായി കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ താമസിച്ചുവരുന്ന മറുനാടൻ തൊഴിലാളിയായ ബംഗാൾ സ്വദേശി മഹേഷ് ദാസിനെ (30) കാണാനില്ലെന്ന് സുഹൃത്തുക്കൾ സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. ഇടുങ്ങിയതും കാടുനിറഞ്ഞതുമായ കിണറായതിനാൽ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കിണറിന്റെ പുറത്തുനിന്ന് നോക്കിയപ്പോൾ സുഹൃത്തുക്കൾ മഹേഷ് ദാസിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ മൃതദേഹം പുറത്തെടുത്തത്തിനുശേഷംമാത്രമേ പറയാൻ സാധിക്കൂവെന്ന് കൂരാച്ചുണ്ട് പോലീസ് അറിയിച്ചു. കിണറ്റിന് പരിസരത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും