വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ ശക്തമാക്കി എക്സൈസ്. എക്സൈസ് ഷാഡോ ടീമിൻ്റെ രാത്രികാല പരിശോധനയും, സ്ട്രൈക്കിംഗ് ഫോഴ്സിന്‍റെ പകൽസമയ നിരീക്ഷണവും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശക്തമാക്കി.
അവധിക്കാലമായതിനാൽ നിരവധി സഞ്ചാരികളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളുമായാണ് എക്സൈസ് ഡിപ്പാർട്ട്മെൻറ് മുന്നോട്ടുപോകുന്നത്.
കേരള – തമിഴ്നാട് അതിർത്തി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
രാമക്കൽമേട്,ആമപ്പാറ, ചതുരംഗപ്പാറ, ചിന്നക്കനാൽ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങൾ,മൂന്നാർ മേഖല തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
വരുംദിവസങ്ങളിലും ശക്തമായ പരിശോധനകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ ,മറ്റു ആളുകൾ കൂടുന്ന ഇടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തുമെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം.