വടകര: വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനായാണ് വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായ ഇ.വി.രവീന്ദ്രൻ സ്കൂളിലെ അധ്യാപകയിൽ നിന്നും കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ്. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ കൈക്കൂലി കേസിൽ പിടിയിലായത്. ഒരു ലക്ഷം രൂപയാണ് രവീന്ദ്രൻ അധ്യാപികയോട് കൈക്കൂലി ചോദിച്ചത്. 10000 രൂപ പണമായും 90000 രൂപയുടെ ചെക്കും കൈമാറുന്നതിനിടെയാണ് വിജിലൻസ് പ്രിൻസിപ്പിലിനെ കയ്യോടെ പിടികൂടിയത്.
വടകര ലിങ്ക് റോഡിൽ വെച്ചാണ് കൈക്കൂലി പണം മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജെ.ബി യു.പി സ്കൂളിലെ അദ്ധ്യാപികയായ പരാതിക്കാരി പി.എഫ് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് മാർച്ച് 28ന് അപേക്ഷ നൽകിയിരുന്നു. സ്കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രൻ പി.എഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് 1 ലക്ഷം രൂപ കൈകൂലി അദ്ധ്യാപികയോട് ആവശ്യപ്പെടുകയും പി.എഫ് അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം വൈകിപ്പിക്കുകയും ചെയ്തു.