തിരുവനന്തപുരം: കേരള സന്ദർശനത്തിൽ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീന പിന്മാറിയതിന് പിന്നാലെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി. ലിയോണൽ മെസിയേയും അർജന്റീനയേയും കേരളത്തിൽ കൊണ്ട് വരുന്നത് സർക്കാരല്ല, സ്പോൺസർ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അർജന്റൈൻ ടീമിൻ്റെ സൗഹൃദ മത്സരങ്ങൾ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതിൽ ഇന്ത്യ ഉണ്ടായിരുന്നില്ല. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും. ഒരു മത്സരത്തിൽ ചൈന എതിരാളികളാവും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഇതോടെയാണ് മെസി കേരളത്തിലെത്തില്ലെന്ന് വ്യക്തമായത്.
നേരത്തെ, ഒക്ടോബറിൽ മെസി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. ഇപ്പോൾ മെസി വരാത്തതിൽ വിശദീകരണം നൽകുകയാണ് മന്ത്രി. അദ്ദേഹത്തിന്റെ വാക്കുകൾ... "സർക്കാരിൻ്റെ കയ്യിൽ ഇത്ര അധികം പണമില്ല. സ്പോൺസർഷിപ് അവരുടെ റിക്വസ്റ്റ് പ്രകാരം അവർ കൊടുത്തതാണ്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ, കേന്ദ്രസർക്കാർ ഉത്തരവുകൾ അവർക്ക് നൽകിയിട്ടുണ്ട് സമ്മത പത്രവും നൽകിയിട്ടുണ്ട്. സ്പോൺസർ ആണ് ചെയ്യേണ്ടതും അവരാണ് തീരുമാനിക്കേണ്ടതും. സ്പോൺസർ പിന്മാറിയെന്ന് കാര്യം അവർ ഔദ്യോഗിക മായി അറിയിച്ചിട്ടില്ല." മന്ത്രി വ്യക്തമാക്കി.