പാലക്കാട്: യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. തൃത്താല സ്വദേശികളായ മുഹമ്മദ് ഹനീഫ (54), രജീഷ് (36), മട്ടന്നൂര്‍ സ്വദേശി അബ്ദുള്ള (47) എന്നിവരാണ് അറസ്റ്റിലായത്. കൂറ്റനാട് സ്വദേശി നൗഷാദിന്‍റെ (42) പരാതിയിലാണ് പ്രതികളെ തൃശൂർ-പൊങ്കാനങ്ങട് നിന്നും അറസ്റ്റുചെയ്തത്.
കംബോഡിയയിൽ നിന്നും സിഗററ്റ് ഇറക്കി ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ നൗഷാദ് ഇടനിലക്കാരനായി നിന്ന് കായംകുളത്തുകാരൻ പ്രദീപ് എന്നയാളെ പ്രതികള്‍ക്ക് പരിചയപ്പെടുത്തുകയും അവരില്‍ നിന്നും മുന്‍കൂറായി തുക വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതികളിൽ നിന്നും വാങ്ങിയ പണം ഇടനില നിന്ന നൗഷാദ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയ് 12ന് രാവിലെ 10 മണിക്ക് കൂറ്റനാട് ന്യൂ ബസാർ ജംഗ്ഷനിൽ നിന്നും കാറിൽ തട്ടിക്കൊണ്ടു പോയത്.
തൃശൂർ കുറുഞ്ഞികരയിലെ ഒരു വീട്ടിൽ കൊണ്ടുപോയശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുദ്രപ്പത്രം ഒപ്പിടുവിച്ച് വാങ്ങി. കഴുത്തിൽ തുണി കൊണ്ട് മുറുകി ഭീഷണിപ്പെടുത്തി ചെക്കുകൾ ഒപ്പിടുവിച്ചു വാങ്ങിയതായും പരാതിയിൽ പറഞ്ഞു. തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരെ പട്ടാമ്പി കോടതി റിമാന്‍റുചെയ്തു