കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ 5 ദിവസം മുമ്പും ഇതേ സംഘം സ്ഥലത്തെത്തിയിരുന്നതായി വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കാറിലെത്തിയ സംഘം പ്രദേശത്ത് കുറച്ച് സമയം ചെലവഴിക്കുന്നതും നാട്ടുകാരനുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘം കൊടുവള്ളി പരപ്പാറയിൽ എത്തിയത്. സംഘം സംസാരിച്ച പ്രദേശവാസിയെ പോലീസ് ചോദ്യം ചെയ്തു. അതേ സമയം സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ ഇതുവരെ കണ്ടെത്താനായില്ല.
ഇന്നലെയാണ് കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. KL 65 L8306 നമ്പർ കാറിലാണ് സംഘം എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്