കോഴിക്കോട്: ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. ചന്തക്കടവ് സ്വദേശിനി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രാവിലെ എത്തിയപ്പോൾ ഹാർട്ട് ബീറ്റ് നോർമലാണ് എന്നാണ് പറഞ്ഞത്. പിന്നീട് കുട്ടിയുടെ ഹാർട്ട് ബീറ്റ് കുറവാണെന്ന് പറഞ്ഞാണ് ഓപ്പറേഷന് കൊണ്ടുപോയത്. കുട്ടി കരഞ്ഞില്ലെന്നും ഇനിയൊന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.
അതിനിടെ അശ്വനി നേരത്തെ കാണിച്ചുകൊണ്ടിരുന്ന ഡോക്ടർ ആശുപത്രിയിൽ ഇല്ലായിരുന്നും മറ്റൊരു ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ചികിത്സാപിഴവ് ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തിൽ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം.