കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് പരിക്കേറ്റ ദൃശ്യങ്ങൾ പുറത്ത്. വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് കുട്ടിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചുപറിച്ചത്. ഇർഫാന്റെ മകൻ ഇവാനാണ് ആക്രമണത്തിന് ഇരയായത്.
ആക്രമിക്കുന്നതിന്റെ ദാരുണമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കളിക്കാന്‍ വീടിന് പുറത്തിറങ്ങിയ കുട്ടിയെ നായ ഓടിച്ച് കൈയ്ക്കും കാലിനുമടക്കം കടിക്കുകയായിരുന്നു. നിലത്തുവീണ കുട്ടിയെ പലതവണ കടിച്ചുപറിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇനി ഒരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പിതാവ് പറഞ്ഞു. നായ തള്ളിയിട്ട് കടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ മുറിവിലെല്ലാം കുത്തിവെയ്പ്പെടുത്തു. നാല്‍പ്പതിലേറെ കുത്തിവെപ്പെങ്കിലും എടുത്തിട്ടുണ്ടാകണം. വേദനയെടുത്ത് കരയുകയായിരുന്നു. ഒരു കുട്ടിയ്ക്കും ഈ ഗതി വരരുത്. അധികൃതര്‍ നടപടിയെടുക്കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.