പാലക്കാട്: കോട്ടമൈതാനത്തെ റാപ്പർ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാനായി പൊലീസിന് ലാത്തി വീശേണ്ടി വന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിപാടിക്കിടെ പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റദ്ദാക്കിയിരുന്നു. ഈ മാസം 9ന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയും റദ്ദ് ചെയ്യേണ്ടി വരികയായിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. പരിപാടി കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ പോയതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ആളുകൾ തിങ്ങി എത്തിയതോടെ പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു