കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്. കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങളിലൊന്നിന്റെ മുൻ പാർട്ണറും ഇപ്പോഴത്തെ പാർട്ണറും തമ്മിലുള്ള തർക്കത്തെക്കുറിച്ച് പൊലീസ് അന്വേഷണം. കത്തി നശിച്ച ടെകസ്റ്റൈൽസിൻ്റെ പാർട്‌ണർമാർ തമ്മിലുള്ള തർക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘർഷമുണ്ടായിരുന്നു. പ്രകാശൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ്റെ പഴയ പാർട്‌ണറും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്. പ്രകാശൻ മുകുന്ദനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കേസിൽ പ്രകാശൻ ഇപ്പോഴും റിമാൻഡിലാണ്. നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ ഇരുവരും പരസ്‌പരം തകർത്തിരുന്നു. ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മുകുന്ദൻ്റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റയിൽ ആണ് ഇന്നലെ കത്തി നശിച്ചത്.
കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന് കാരണ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയർഫോഴ്സിന്റെ പരിശോധനയും നടക്കും.