ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. വഖ്ഫ് നിയമ ഭേദഗതിക്കെതിരേ മുസ്‌ലിംകള്‍ ഉന്നയിച്ച ആശങ്കകള്‍ വസ്തുതാപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹരജിയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഹരജി നല്‍കിയിരിക്കുന്നത്. 2025ലെ ഭേദഗതി മാതൃ നിയമമായ 1995ലെ വഖഫ് നിയമത്തിന്റെ പരിധിയില്‍ നിന്ന് വ്യതിചലിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.
ഈ ഭേദഗതി വഖ്ഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റുകയും ഭരണഘടന പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുമെന്ന് മുസ്‌ലിംകള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക വസ്തുതാപരമാണ്. ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും അങ്ങേയറ്റം അന്യായവും അവയുടെ ഭരണഘടനാ സാധുത സംശയാസ്പദവുമാണ്.
ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫാണ് എന്നത് ഒരു സ്ഥിരമായ തത്വമാണ്. വഖ്ഫ് മാതൃനിയമത്തിന്റെ പരിധിയില്‍ നിന്ന് അത് എടുത്തു മാറ്റുന്നതിനെ അനുവദിക്കാനാവില്ല. നിലവിലെ ഭേദഗതി പ്രകാരം, ഒരു വഖ്ഫ് സൃഷ്ടിക്കുന്നതിന് ഒരു വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താന്‍ ഇസ്!ലാം ആചരിക്കുന്നുവെന്ന് കാണിക്കണം. ഒരു വ്യക്തി ഇസ്!ലാം ആചരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ സംസ്ഥാനത്തിനും അതിന്റെ അധികാരികള്‍ക്കും സാധ്യമല്ല. ഭേദഗതി, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണ അധികാരമുള്ള നിരവധി വിഷയങ്ങളില്‍ കടന്നുകയറ്റം നടത്തുന്നു.
വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ അല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ യാതൊരു യുക്തിയുമില്ല. മുസ്!ലിംകളല്ലാത്തവരെ ഇങ്ങനെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26 എന്നിവയുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. കേസ് നാളെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.