ഗൂഡല്ലൂര്‍: മസിനഗുഡിക്കടുത്ത് വാഴത്തോട്ടത്തില്‍വെച്ച് ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍. നിര്‍മാണത്തൊഴിലാളിയായ ദിനേശ്കുമാറാ(38)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ കാര്‍ത്യായിനി (32)യെ മസിനഗുഡി പോലീസ് അറസ്റ്റുചെയ്തു.
നിര്‍മാണത്തൊഴിലാളിയായ ഭാര്യയുമായി ദിനേശ്കുമാര്‍ തര്‍ക്കങ്ങള്‍ പതിവാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഇരുവരും നിര്‍മാണജോലികള്‍ക്കായി ഊട്ടിയില്‍പ്പോയി, വൈകുന്നേരം വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രി, ദിനേശ്കുമാര്‍ വീണുമരിച്ചതായി കാര്‍ത്യായിനി മസിനഗുഡിയില്‍ പോലീസില്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുക്കുകയും, മൃതദേഹപരിശോധനയ്ക്കായി ഗൂഡല്ലൂര്‍ ജില്ലാഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പരിശോധനയില്‍ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ പോലീസ് കാര്‍ത്യായിനിയെ ചോദ്യംചെയ്തു. സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും തുടര്‍ന്ന് പ്രകോപിതയായി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ്.