കൊച്ചി:
തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാല് വയസുകാരി നേരിട്ടത് അതി ക്രൂര പീഡനം. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
'പറ്റിപ്പോയതാണ്, അടുത്ത ബന്ധുവും വിശ്വസ്തനുമായതുകൊണ്ട് ആരും സംശയിക്കില്ലെന്നും ആരും ഈ വിവരം അറിയില്ലെന്നും കരുതിയെന്ന് പ്രതി. മരിക്കുന്നതിന് തലേദിവസവും കുട്ടിയെ പീഡനനത്തിനിരയാക്കിയെന്ന് പ്രതി മൊഴി നൽകി.കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ചില ദിവസങ്ങളിൽ കുട്ടി ഇയാൾക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മോർട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകൾ ഡോക്‌ടർമാർക്ക് ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റംസമ്മതിച്ചത്.അതിനിടെ കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായതായി അറിയില്ലെന്ന് കുഞ്ഞ് പഠിച്ചിരുന്ന അങ്കണവാടിയിലെ വർക്കർ പറഞ്ഞു. കുട്ടിക്ക് കുടുംബാംഗങ്ങളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടതായി വന്നതായി അറിയില്ല. കുട്ടിയിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നിലെന്നും അങ്കണവാടി വർക്കർ പറഞ്ഞു.
മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം.
അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ ആലുവയിൽ ബസിൽവെച്ച് കാണാതായി എന്നായിരുന്നു അമ്മ നൽകിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.