കോഴിക്കോട്: മൈസൂരിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊടുവള്ളിയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ. ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ആരും ഉപദ്രവിച്ചിട്ടില്ലെന്നും അന്നൂസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പറയരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരികെ കാറിൽ എത്തിച്ചത് രണ്ട് പേരാണെന്നും അന്നൂസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെ വീട്ടില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ യുവാവിനെ പ്രതികള്‍ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
പ്രത്യക അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ മൈസൂരുവില്‍ നേരിട്ട് എത്തി. ഇതോടെ പ്രതികള്‍ ടാക്സി കാറില്‍ കേരളത്തിലേക്ക് വരികയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തില്‍ നിന്ന് പാലക്കാട് വെച്ച് പ്രതികള്‍ രക്ഷപ്പെട്ടു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്.
അന്നൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവലിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ രണ്ട് കേസുകളിലായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.