ഇസ്ലാമാബാദ്: ഇന്ത്യക്ക് എതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ സൈന്യം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് പാക് സൈനിക വക്താവിന്റെ പുതിയ ഭീഷണി. പാകിസ്ഥാന്റെ വെള്ളം തടഞ്ഞാല്‍ ഇന്ത്യയുടെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവ് അഹമ്മദ് ഷരീഫ് ചൗധരിയുടെ മുന്നറിയിപ്പ്. പാകിസ്ഥാനിലെ സര്‍വകലാശാലയില്‍ സംസാരിക്കവെ ആയിരുന്നു അഹമ്മദ് ഷരീഫ് ചൗധരിയുടെ പ്രതികരണം.
ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്യിദിന്റെതായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പ്രതികരണത്തിന് സമാനമാണ് പാക് സൈനിക വക്താവിന്റെ വാക്കുകള്‍. നിങ്ങള്‍ വെള്ളം തടഞ്ഞാല്‍, നിങ്ങളുടെ ശ്വാസം മുട്ടിക്കും, അപ്പോള്‍ നദികളിലൂടെ രക്തം ഒഴുകും' എന്നായിരുന്നു ഹാഫിസ് സയ്യിദിന്റെ ഭീഷണി. സൈനിക വക്താവിന്റെ വാക്കുകള്‍ ഹാഫിസ് സയ്യിദിനെ കോപ്പിയടിക്കുന്നതിന്റെ ഉദാഹരണമാണെന്ന് വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തീവ്രവാദികള്‍ ഉയര്‍ത്തുന്ന സംഭാഷണങ്ങള്‍ ഏറ്റുപറയുകയാണ് പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെന്നാണ് പ്രധാന വിമര്‍ശനം.