കൽപറ്റ: കാലവർഷം വിളിപ്പാടകലെ നിൽക്കെ മഴയുടെ അളവ് കൃത്യമായി അറിയാൻ ജില്ലയിൽ ഇത്തവണ കൂടുതലായി 200ഓളം മഴമാപിനികൾ. കഴിഞ്ഞ തവണ നാടിനെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി മഴമാപിനികളുടെ എണ്ണം വർധിപ്പിച്ചത്. ഇതോടെ ജില്ലയിൽ ആകെയുള്ള മഴമാപിനികളുടെ എണ്ണം 250 ആയി.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലും തൊട്ടടുത്ത സ്ഥലങ്ങളിൽ തന്നെ തീർത്തും വ്യത്യസ്ത അളവിൽ മഴ ലഭിക്കുന്നു എന്ന കാരണത്താലും സൂക്ഷ്മതലത്തിൽ മഴയുടെ പ്രാദേശിക ലഭ്യത കണക്കാക്കി കുറ്റമറ്റ പ്രതിരോധ നടപടികൾക്ക് തയാറെടുക്കുകയാണ് ലക്ഷ്യം. ജില്ല ദുരന്തനിവാരണ അതോറിറ്റിയും ഹ്യൂമും (ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി) സംയുക്തമായാണ് മഴമാപിനികള്‍ സ്ഥാപിച്ചത്.
ജില്ലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹ്യൂം സെന്റർ മഴയുടെ അളവ് വിവിധ പ്രദേശങ്ങളിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ മണിക്കൂറുകൾക്ക് മുമ്പ് പ്രദേശത്തെ മഴയുടെ അളവിലുണ്ടായ അപകടകരമായ വർധനവ് ജില്ലയിലെ അധികൃതരെ ഹ്യൂം സെന്റർ അറിയിച്ചിരുന്നു. അതിൽ ഉടനടി നടപടി എടുത്തിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞേനേ എന്ന വിമർശനം പല കോണുകളിൽനിന്നും പിന്നീട് ഉയർന്നിരുന്നു