മുക്കം : സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപ്പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ലർക്കിന്റെ കൈയിൽനിന്ന് 1535 രൂപയാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.
സബ് രജിസ്ട്രാർ ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഭൂമി രജിസ്ട്രേഷൻ നടപടികൾക്കായി എത്തുന്ന വ്യക്തികളിൽനിന്ന് ആധാരമെഴുത്തുകാർ മുഖേന കൈക്കൂലിവാങ്ങുന്നതായി പരാതിലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മിന്നൽപ്പരിശോധന നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെ ആരംഭിച്ച പരിശോധന ആറേകാലോടെയാണ് അവസാനിച്ചത്.
ആധാരമെഴുത്തുകാർ മുഖേന വാങ്ങുന്ന കൈക്കൂലിപ്പണം വൈകീട്ട് നാലിനും അഞ്ചിനുമിടയ്ക്ക് ആധാരമെഴുത്തുകാർ ഓഫീസിൽ എത്തിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്നെന്നായിരുന്നു വിജിലൻസിനുലഭിച്ച വിവരം.
കൈക്കൂലി വാങ്ങിനൽകുന്നതിന് വിസമ്മതിക്കുന്ന ആധാരമെഴുത്തുകാരുടെ രജിസ്ട്രേഷൻ വൈകിപ്പിക്കുന്നതായും
ഇതുമൂലം താത്‌പര്യമില്ലാത്ത ആധാരമെഴുത്തുകാരും പണംവാങ്ങിനൽകാൻ നിർബന്ധിതരാകുന്നതായും വിജിലൻസിന് പരാതിലഭിച്ചിരുന്നു.