കോഴിക്കോട് : തീപ്പിടിത്തമുണ്ടായ പുതിയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലെ, അപകടംബാധിക്കാത്ത കടമുറികൾ തിങ്കളാഴ്ച തുറക്കാൻ തീരുമാനിച്ചു. ഇതിനായി കോർപ്പറേഷന്റെ ഭാഗത്തുനിന്ന് വ്യാപാരികൾക്ക് എല്ലാവിധസഹായങ്ങളും ഉണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. വെള്ളിയാഴ്ച രാവിലെ മേയറുടെ ചേംബറിൽച്ചേർന്ന ഉദ്യോഗസ്ഥരുടെയും വ്യാപാരിപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനിയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കടകൾതുറക്കാൻ തീരുമാനിച്ചത്.
തീപ്പിടിത്തത്തെത്തുടർന്ന് കെട്ടിടത്തിലെ വൈദ്യുതിവിതരണം തകരാറിലായിട്ടുണ്ടെന്നും ഇത് പുനഃസ്ഥാപിക്കണമെങ്കിൽ കേബിളുകളും പാനൽബോർഡുകളും മുഴുവനായും മാറ്റിസ്ഥാപിക്കണമെന്നും സംയുക്തപരിശോധനയിൽ കണ്ടെത്തിയതായി ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റും കെഎസ്ഇബിയും യോഗത്തിൽ അറിയിച്ചു. വ്യാപാരികളുടെയും അവരെ ആശ്രയിച്ചുകഴിയുന്നവരുടെയും പ്രയാസം പരിഗണിച്ച് പ്രവൃത്തി എത്രയുംപെട്ടെന്ന് നടത്താനും മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കാനും തീരുമാനിച്ചു.
തീപ്പിടിത്തത്തെത്തുടർന്ന് വന്ന പ്രത്യേകസാഹചര്യത്തിൽ, ദുരന്തനിവാരണ ചട്ടപ്രകാരം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തിനടത്താനും തീരുമാനിച്ചു. പ്രവൃത്തിനടക്കുമ്പോൾ അതിനെ ബാധിക്കാത്തരീതിയിൽ ജനറേറ്റർ സ്ഥാപിച്ച് കടമുറികൾ തുറന്നുപ്രവർത്തിക്കാൻ അനുമതിനൽകണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്നും പരിശോധനകളെല്ലാം പൂർത്തീകരിച്ചതായും പോലീസ് അറിയിച്ചു. ഇതിനെത്തുടർന്നാണ് എത്രയും പെട്ടെന്ന് അവിടെയുള്ള അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്ത് കടമുറികൾ തുറന്നുപ്രവർത്തിക്കുന്നതിന് ധാരണയായത്. ശനിയാഴ്ചതന്നെ കെട്ടിടം വൃത്തിയാക്കുന്നതിനുള്ള പ്രവൃത്തിതുടങ്ങാൻ ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തി.
യോഗത്തിൽ മേയർ ബീനാ ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.സി. രാജൻ, എസ്. ജയശ്രീ, കൃഷ്ണകുമാരി, കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, വരുൺ ഭാസ്കർ, സൂപ്രണ്ടിങ് എൻജിനിയർ എം.എസ്. ദിലീപ്, ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി സോമശേഖരൻ, കെഎസ്ഇബി സൂപ്രണ്ടിങ് എൻജിനിയർ സി.വി. ഉണ്ണികൃഷ്ണൻ, വി. അനിൽകുമാർ, എം. പ്രമോദ്കുമാർ, ജി. ബാലചന്ദ്രൻ, പി.കെ. കലാനാഥൻ, കിരൺ സി. നായർ, എം.പി. അബ്ദുൾ ഗഫൂർ, സന്തോഷ് സെബാസ്റ്റ്യൻ, അബ്ദുൾ ഗഫൂർ രാജധാനി, ടി. ഷജീവ്, അനീഷ്‌കുമാർ, കെ. സുനിൽകുമാർ, സി. മൊയ്തീൻകോയ, വി. സുനിൽകുമാർ, ജോസ് ഇയ്യാളി, ഷമീർ, യു.എ. കബീർ, പി.എസ്. സിറാജ് തുടങ്ങിയവർ പങ്കെടുത്തു