കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിൽ വഞ്ചി മുങ്ങി രണ്ടു മണൽ വാരൽ തൊഴിലാളികളെ കാണാതായി. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. മേത്തല പടന്ന പാലക്കപറമ്പിൽ സന്തോഷ് (38), എറിയാട് മഞ്ഞളിപ്പള്ളി ഓട്ടറാട്ട് പ്രദീപ് (55) എന്നിവരെയാണ് കാണാതായത്. ഇന്നു പുലർച്ചെ 2.30 ന് കോട്ട കോട്ടപ്പുറം കോട്ടക്ക് സമീപം കായൽ കടവിൽ ആയിരുന്നു അപകടം. രാത്രി 12 ന് മണൽ വാരുന്നതിത് പുഴയിൽ പുത്തൻ വേലിക്കര ഭാഗത്തേക്ക് പോയ തൊഴിലാളികൾ മണൽ വാരി തിരികെ വരുപ്പോൾ കനത്ത കാറ്റിലും മഴയിലും വഞ്ചി മുങ്ങുകയായിരുന്നു.പുഴയിൽ ഓളം കൂടിയപ്പോൾ വഞ്ചിയിലേക്ക് വെള്ളം കയറി. വെള്ളം കോരി കളഞ്ഞു അപകടം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പൊടുന്നനെ മുങ്ങി താഴുകയായിരുന്നു. പടന്ന തയ്യിൽ രാജേഷ് (45), അഞ്ചപ്പാലം സ്വദേശി അജേഷ് (35) എന്നിവർ നീന്തി കരയിൽ കയറുകയായിരുന്നു.
കാണാതായവർക്കായി പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്.