.
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ടവർ നിലംപൊത്താതെ ഇരുന്നതിനാൽ വൻ അപകടം ഒഴിവായി. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവർ ചെരിഞ്ഞത് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ്. കോഴിക്കോട് കൊടിയത്തൂർ ചെറുവാടിയിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും കേടുപാടുകളുണ്ടായി. നൂറുകണക്കിന് വാഴകളും നിലംപൊത്തി.
ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ മരം വീണതിനെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.
കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ആക്കോട്ട് ചാലിൽ സുബിൻ എന്ന യുവകർഷകന്റെ 300ഓളം വാഴകൾ ശക്തമായ കാറ്റിൽ നിലംപൊത്തി. കുലകൾ വിളവെടുപ്പിന് പാകമായ നിലയിലുള്ള വാഴകളാണ് നശിച്ചത്. ആറാം വാർഡിൽ തോട്ടക്കാട് സ്വദേശിയായ പുതിയോട്ടിൽ ഭാസ്കരന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ശക്തമായ മഴയിൽ വീടിന്റെ മുറ്റം ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. വീട് അപകട ഭീഷണിയിലായതിനെ തുടർന്ന് നാട്ടുകാർ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.