കൊണ്ടോട്ടി: വിമാനം വൈകുന്നതിനെ തുടർന്ന് കരിപ്പൂരിൽ പ്രതിഷേധവുമായി യാത്രക്കാർ. കരിപ്പൂരിൽ നിന്ന് ദുബൈയിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്. ഇതേ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ഇന്നലെ രാത്രി 11:50 ന് പോകേണ്ട വിമാനമാണ് ഇത്രയായിട്ടും പുറപ്പെടാതെ നിൽക്കുന്നത്.ഇപ്പോഴും വിമാനത്താവളത്തിൽ പ്രതിഷേധം നടക്കുകയാണ്. ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനമായിട്ടും ഇത് വരെ പുറപ്പെട്ടില്ലെന്ന് മാത്രമല്ല, യാത്രക്കാർക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. പുലർച്ചെ മൂന്നാരെയോടെ മാത്രമാണ് താമസ സൗകര്യം പരിമിതമായെങ്കിലും നൽകിയത്. ഔദ്യോഗിക കാരണം പോലും പറയാൻ വിമാന കമ്പനി തയ്യാറായിട്ടില്ല. ആദ്യ ഘട്ടത്തിൽ യന്ത്ര തകരാർ എന്നൊക്കെ പറഞ്ഞുവെങ്കിലും രാവിലെ ആയപ്പോഴേക്കും ക്യാപ്റ്റൻ ഇല്ലെന്ന കാരണങ്ങളാണ് അനൗദ്യോഗികമായി പറയുന്നത്.വിമാനം എപ്പോൾ പുറപ്പെടുമെന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയെ പുറപ്പെട്ടേക്കും എന്ന വിവരം മാത്രമാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ, ഇക്കാര്യത്തിലും ഔദ്യോഗിക വിവരം ലഭ്യമല്ല. അടിയന്തിരമായി ദുബൈയിൽ ഇറങ്ങേണ്ട യാത്രക്കാരും സ്ത്രീകളും കുട്ടിക്കും ഉൾപ്പെടുന്ന യാത്രക്കാരും ഉൾപ്പെടുന്ന വിമാന യാത്രക്കാരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.